നാളെ
ശനി ആഴ്ച ആയതുകൊണ്ട് രാവിലെ
ഏഴുന്നേൽണ്ടല്ലോ എന്ന് കരുതി പതിവ് അലാറം ഓഫ് ചെയ്യാനെടുത്തപ്പോൾ . പുറകിൽ നിന്ന്
ഭാര്യ വക ഒരു അന്ത്യശാസനം.
"മീൻ തീർന്നിട്ട് കുറച്ചായി,
അടുത്ത മാസം നോയമ്പ് തുടങ്ങും, മീൻ വാങ്ങുന്നെങ്കിൽ ഇപ്പം വാങ്ങണം"
കുറച്ചായിട്ട് ഇവൾ ഇങ്ങനയാ, മുൻകൂർ നോട്ടീസ് തരുന്ന പതിവ് അങ്ങ് നിർത്തി .ആദ്യ കാലങ്ങളിൽ ഇവൾ എന്ത് വിനയത്തോടു കൂടിയാണ് എന്നോട്
സംസാരിച്ചു കൊണ്ടിരുന്നത് അന്നൊക്കെ ആ സ്വരത്തിനെന്തു മാധുര്യം ആയിരുന്നു. ഈ സ്വരം മാറ്റത്തിന് പിന്നിലെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിരിന്നില്ല. പക്ഷേ അടുത്തിടെ അവൾ വായിക്കുന്ന ചില വനിതാ പ്രസിദ്ധീകരണങ്ങൾ വായിച്ച ഞാൻ ഞെട്ടി പോയി . അതിൽ എഴുതിയിരിക്കുകയാ ഭാര്യയോട്
അവരുടെ ഇഷ്ടം കൂടാതെ നോക്കിയാൽ പോലും ഗാർഹിക പീഡ നത്തിനു കേസ്സ് എടുക്കമത്രേ. പിന്നെ കുറെയധികം വകുപ്പുകളും അതിനു ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയും. എല്ലാം കൂടെ ആലോചിച്ചപ്പോൾ എന്റെ പെരുവിരലിൽ നിന്ന് നെറുകുംതല വരെ ഒരു പെരുപ്പ് കയറി. എനിക്ക് ഒരു കാര്യം ബോധ്യം ആയി ഞാൻ ഇപ്പോളും ഇങ്ങനെ സർവ്വ സ്വതന്ത്രനായി ജീവിക്കുന്നത് എന്റെ ഭാര്യയുടെ കരുണ കൊണ്ടാണ് എന്ന് . അതിൽ പിന്നെ എന്ത് പ്രകോപനം അവളുടെ ഭാഗത്ത്
നിന്ന് ഉണ്ടായാലും ഞാൻ പരമാവതി സംയമനം പാലിക്കും.
വളരെ വിനയത്തൊടുകൂടി ഞാൻ മറുപടി പറഞ്ഞു
"നാളെ രാവിലെ പത്ത് മണി കഴിഞ്ഞ് പോകാം. അപ്പോൾ വിലയ്ക്കൊക്കെ സ്വല്പം ഒരു മയം വരും"
തിരിച്ച് മറുപടി ഒന്നും അവളുടെ ഭാഗത്ത് നിന്ന് വന്നില്ല
. മൌനം സമ്മതം എന്ന് കരുതുമ്പോൾ തന്നെ പതിവ്
അലാറം ഓഫ് ചെയ്തു കിടക്കാൻ ഞാൻ പറഞ്ഞ ഉപായം ഏറ്റല്ലോ എന്ന് ഓർത്ത് എന്റെ മനസ്സ് ചെറുതായി ഒന്ന് സന്തോഷിക്കുകയും ചെയ്തു. പക്ഷേ ഞാനത് പുറത്ത് കാണിച്ചില്ല. വെള്ളിയാഴ്ച അവധി ആണെന്ന് പറഞ്ഞിട്ടും കാര്യം ഇല്ല പതിവിലും നേരത്തെ ഉണർന്നാൽ മാത്രമേ പള്ളിയിൽ നേരത്തെ എത്താൻ പറ്റുകയോള്ളൂ, നേരത്തെ എത്തിയാലേ മുൻപിൽ നിൽക്കാൻ ഇടം കിട്ടത്തൊള്ളൂ. മുൻപിൽ നിന്നില്ലങ്കിൽ അച്ചൻ പടിഞ്ഞാറോട്ട് തിരിയുമ്പോൾ നമ്മളെ കാണത്തില്ല. പിന്നെ പള്ളിയിൽ പോയതിനു എന്താണ് പ്രയോജനം.
അങ്ങനെ പിറ്റേ ദിവസം പറഞ്ഞ സമയത്തിനു തന്നെ ഭാര്യാ സമേധനായി അഥവാ ഭാര്യയെ അനുഗമിച്ചു കൊണ്ട് ഞാൻ മീൻ ചന്തയിൽ പതിവ് മീൻ കാരന്റെ അടുത്ത് തന്നെ എത്തി. അത്യാവശ്യ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങൾ ബിസിനസ്സിലേക്ക് കടന്നു. സാധാരണ വാങ്ങാറുള്ള ഐറ്റംസ് ഒക്കെ വില പറയാതെയും പറഞ്ഞുമൊക്കെ അയാൾ എടുത്തു വച്ചു. അവസാനം ക്ലോസിംഗ് സെറിമണി പോലെ ഒരു ചോദ്യം .
"സാറേ, കുറച്ചു നത്തോലി എടുക്കട്ടെ, വറക്കാൻ നല്ലതാ "
നത്തോലിയുടെ സിനിമ കാണാൻ ഇതുവരെ പറ്റിയില്ല അതുകൊണ്ട് നേരിൽ കാണാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തികൊണ്ട് ഞാൻ ഉത്തരവിട്ടു .
"ഒന്ന് കാണട്ടെ " ഉടനെ കച്ചവടക്കാരൻ കുറച്ചു നെത്തോലി കയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു.
"സാറെ ഇത് അബുദാബി യിൽ നിന്ന് പിടിച്ചതാണ്"
ഈ അബുദാബിയിൽ യിൽ നിന്ന് പിടിച്ചാലും ദുബായിൽ നിന്ന് പിടിച്ചാലും എല്ലാം അറേബ്യൻ കടലിൽ നിന്ന് തന്നേയല്ലേ പിടിക്കുന്നത്.. എന്ന എന്റെ സംശയം ഞാൻ തല്ക്കാലം പുറത്തെടുത്തില്ല, പക്ഷേ വളരെ പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു;
"എന്താ വില "
നാട്ടിൽ
വച്ചുണ്ടായ ഒരു അനുഭവം
ആണ് വില ചോദിക്കുമ്പോൾ സ്വരം പതിഞ്ഞതാകാൻ കാരണം.
"അനുഭവം ആണ് ഗുരു"
എന്നല്ലേ പറയുന്നത്. ആര് , എപ്പോൾ, എവിടെ, പറഞ്ഞു എന്നൊന്നു ചോദിക്കരുത്. എനിക്ക് സത്യമായിട്ടു അറിയില്ല
. അഥവാ അറിയണം എന്ന്
നിങ്ങൾക്ക് അത്രയ്ക്ക് നിർബന്ധം
ആണെങ്കിൽ . ഈ ഞാൻ ഇപ്പോൾ
പറഞ്ഞു എന്ന് അങ്ങ്
കരുതിക്കോ.
നാട്ടിൽ
അവധിക്ക് ചെന്നപ്പോൾ ഒരു ദിവസം മീൻ വാങ്ങാൻ പോയി. അവിടെ കുറച്ചു നേരം മീനിന്റെ സൌന്ദര്യം ആസ്വതിച്ചു നിന്നിട്ട് കണ്ടതിൽ ഒരു വിധം കൊള്ളാവുന്നത് എന്ന് എനിക്ക് തോന്നിയ മീൻ ചൂണ്ടി ഒരു ചോദ്യം;
" ഇതിന് എത്രയാ "
ഇയാൾ
'ഏതു കോത്തായത്തുകാരനാ' എന്ന മട്ടിൽ
മീൻകാരൻ എന്നെ ഒന്നു നോക്കി . എന്നിട്ട്
അടുത്ത് നിന്ന മേയ്ക്കാട് ഷാജിയുടെ
ഭാര്യയോട്;
" ചേച്ചിക്ക് ഏതാണ് എടുക്കേണ്ടത് "
ചേച്ചി
മീൻ കൂടയുടെ മുകളിൽ വച്ചിരുന്ന ഒന്നു
രണ്ടു ഐറ്റംസ് ചൂണ്ടി കാണിച്ചു .
അനിയൻ അപ്പോൾ തന്നെ അതെടുത്തു തൂക്കി തൂക്കിയില്ല എന്ന് വരുത്തി
പ്ലാസ്റ്റിക് കൂട്ടിൽ ഇട്ട്, പത്ര കടലാസിൽ പൊതിഞ്ഞു ചേച്ചി കൊണ്ടുവന്ന ബാഗിൽ വച്ചു കൊടുത്തു .
ചേച്ചി ഒരു അഞ്ഞൂറിന്റെ ഗാന്ധി എടുത്തു വീശി . അനിയൻ ചേച്ചി വീശിയ അഞ്ഞൂറ് പെട്ടിയിലിട്ട് കൈയിൽ കിട്ടിയ രണ്ടുമൂന്നു പത്തിന്റെ നോട്ട് ചേച്ചിയുടെ കൈ വെള്ളയിൽ വെച്ചു കൊടുത്തു. അനന്തരം ചേച്ചി അനിയനെ നോക്കി അവരെ
കൊണ്ട് ആകുന്ന വിധത്തിൽ ഒരു നല്ല ചിരി സമ്മാനിച്ചു കൊണ്ട് സ്ഥലം കാലിയാക്കി. അനിയൻ
ചേച്ചിയുടെ ആ പോക്ക് സ്വല്പ നേരം അങ്ങനെ നോക്കി നിന്നു. മീൻ വെട്ടിത്തീരുന്നതുവരെ വളരെ അക്ഷമയോട്കൂടി നോക്കിയിരിക്കുകയും അവസാനം ഒരു കഷണം പോലും കൊടുക്കാതെ വെട്ടിയത് മുഴുവൻ
എടുത്തുകൊണ്ട് പോകുന്നത് നിസ്സാഹായതയോടുകൂടി നോക്കിയിരിക്കുന്ന കണ്ടൻ പൂച്ചയുടെ മുഖഭാവം ആയിരുന്നു അപ്പോൾ
അയാൾക്ക്. അനിയന്റെ ശ്രദ്ധ ചേച്ചിയിൽ നിന്നും പിൻ വലിഞ്ഞതും ഞാൻ ഒരു ആയിരത്തിന്റെ ഗാന്ധി എടുത്ത് വീശികൊണ്ട് നേരത്തേ
എന്റെ നോട്ടം പതിഞ്ഞ മീനിനെ ചൂണ്ടികൊണ്ട് പറഞ്ഞു
.
"അതേൽ രണ്ടു കിലോ, പിന്നെ അതേന്നു കുറച്ചെടുത്തോ " എന്റെ നോട്ടത്തിൽ മേയ്ക്കാട് ഷാജിയുടെ ഭാര്യ
കൊണ്ടുപോയ മീനിലും സ്വല്പം കൂടി ഗ്ലാമർ ഞാൻ പറഞ്ഞ മീനുകൾക്ക് ഉണ്ടായിരുന്നു.
പിന്നെ ബാക്കി വാങ്ങാനൊന്നു ഞാൻ നിന്നില്ല. തിരിഞ്ഞു നടന്നപ്പോൾ മീൻ കാരന്റെ ഒരു പിൻവിളി.
" സാറെ മീൻ വല്ലതു വേണേ വിളിച്ചു പറഞ്ഞാൽ മതി, വീട്ടിൽ കൊടുത്തുവിടാം"
ങും! ഗൾഫ്കാരോടാ കളി. പൊങ്ങച്ചം കാട്ടാൻ ഞങ്ങൾ ആഗ്രഗണ്യന്മാര് അല്ലേ
!
നത്തോലി കൈ വെള്ളയിൽ ഇട്ടുകൊണ്ട് നില്ക്കുന്ന മീൻ കാരന്റെ ശബ്ദം കഥ പറഞ്ഞ് അങ്ങ് നാട്ടിൽ പോയ എന്നെ
വീണ്ടും അബുദാബിയിലെ മീൻ ചന്തയിൽ എത്തിച്ചു
"മുപ്പത് " മനസ്സിൽ ആകാതെ ഞാൻ
"എന്നാ "
അപ്പോൾ മീൻകാരൻ " തേർട്ടി ദിർഹംസ് "
എന്റെ മുൻപിൽ മണി എക്സ്ചേഞ്ച് ബോർഡിൽ
ഇന്ത്യൻറുപ്യയുടെ വില തെളിഞ്ഞ് വന്നു . ഞാൻ അത് അപ്പോൾ തന്നേ
മനസ്സിൽ ഫീഡ് ചെയ്തു
ഔട്ട് പുട്ട് എടുത്തു "
എന്റെ കർത്താവേ ! നാട്ടിലെ അഞ്ഞൂറ് രൂപാ".
ആ സമയത്ത് തന്നെയാണ് മീൻ കാരന്റെ കൈ വെള്ളയിൽ റസ്റ്റ് എടുക്കുന്ന നത്തോലി എന്ന സെലിബ്രെ റ്റി മീനിനെ ഞാൻ ശരിക്ക് കാണുന്നത്.
ഓ! ഇതായിരുന്നോ ഈ നത്തോലി. ഈ അടുത്ത കാലം വരെ മീൻ വാങ്ങിയിട്ട് ബാക്കി പൈസാഅഡ്ജസ്റ്റ് ചെയ്യാൻ വേണ്ടി മീൻ കാരൻ വാരിയിടുന്ന മീൻ. ഒരു സിനിമയ്ക്ക് പേര് വന്നതോട് കൂടി അതിന്റെ വിലയും അങ്ങ് വളർന്നു ഈ പരുവത്തിൽ എത്തി.
ഈ സിനിമാക്കാർ വരുത്തി വയ്ക്കുന്ന ഓരോ പൊല്ലാപ്പുകൾ , പണ്ട് ഇവർ ഒരു സിനിമയ്ക്ക് ചെമ്മീൻ എന്ന് പേരിട്ടു അതിനു കുറച്ചു അവാർഡുകളും കിട്ടി അതിൽ പിന്നെ നാട്ടുകാർക്ക് കണി കാണാൻ കിട്ടിയിട്ടില്ലാ. ഓഫ് ഷോറിൽ വർക്ക് ചെയ്യുന്ന നമ്മുടെ ചില സുഹൃത്തുക്കളെ പോലെ കരയിൽ വന്നാൽ ഉടനെ ഫ്ലൈറ്റ് കയറും. ഇനി ഇവർ ഏതൊക്കെ മീനുകളെ ആണോ ഇങ്ങനെ ജനങ്ങളിൽ നിന്ന് അകറ്റാൻ പോകുന്നത്.
വില കേട്ടപ്പോൾ എനിക്ക് ഉണ്ടായ
ഭാവ മാറ്റം മനസ്സിലാക്കിയ എന്റെ നല്ല പകുതി ഇങ്ങനെ പറഞ്ഞു;
"വറക്കാനുള്ള മീൻ ഇരിപ്പുണ്ട്, അത് തീരട്ടെ "
അങ്ങനെ
ആ സമയത്ത് പെട്ടുപോയവിഷമ സന്ധിയിൽ നിന്ന് വളരെ കൂൾ ആയി അവൾ എന്നെ രക്ഷ പെടുത്തി .
"ബുദ്ധിയുള്ള ഭാര്യയോ യെഹോവയുടെ ദാനം" എന്ന
തിരുവെഴുത്ത് അപ്പോൾ ഇനിക്ക് വെളിവായി.
തിരിച്ചു പോരുമ്പോൾ സിനിമ കാണാതെ തന്നെ ഒന്ന് ഞാൻ തീർച്ചപ്പെടുത്തി
"നത്തോലി ഒരു വലിയ മീനാണ്, വലിപ്പത്തിൽ അല്ല വിലയിൽ ആണെന്നു മാത്രം